'എന്തെങ്കിലും സംഭവിച്ചാൽ അത് മൂടി വയ്ക്കാനല്ല, തുറന്നുപറയാനാണ് മക്കളെ പഠിപ്പിക്കേണ്ടത്..'

Nithin Joseph


രാവിലെ പത്രം തുറന്നുനോക്കുമ്പോൾ പേടി തോന്നും. മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നുവെന്ന വാർത്ത വായിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് സ്വന്തം മക്കളുടെ മുഖമാണ്. ദിവസവും എത്ര കുഞ്ഞുങ്ങളാണ് ഇത്തരം അക്രമങ്ങളുടെ ഇരകളാകുന്നത്. പത്ര വാർത്ത വായിച്ച് നെടുവീർപ്പിടുന്നതോടെ നമ്മുടെ ഉത്തരവാദിത്തം കഴിയുന്നില്ല.’

ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് എറണാകുളം സ്വദേശി അനു ഭർത്താവ് സൂരജുമൊത്ത് നാലു വർഷം മുൻപ് ‘സ്വരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന ആശയത്തിനു രൂപം കൊടുക്കുന്നത്. കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും നേരിടാനും എതിർക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ‘സ്വരക്ഷ’യുടെ ലക്ഷ്യം. അതിനായി സെമിനാറുകളും വർക്‌ഷോപ്പുകളും സംഘടിപ്പിച്ച് കുട്ടികളിലും മാതാപിതാക്കളിലും ബോധവൽക്കരണം നടത്തുന്നു. അനുവിന്റെ പ്രവർത്തികളുടെ ഉദ്ദേശം തിരിച്ചറിഞ്ഞ് കുറച്ച് സുഹൃത്തുക്കളും കൂടെ ചേർന്നപ്പോൾ ‘സ്വരക്ഷ’യുടെ യാത്ര വിജയകരമായി മുന്നോട്ട് നീങ്ങി.

"കൂട്ടത്തിലെല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. അറിവുള്ളവർ അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം. അല്ലെങ്കിൽ ആ അറിവുകൊണ്ട് പ്രയോജനമൊന്നുമില്ല. കുട്ടികൾക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് ആൺ–പെൺ വ്യത്യാസങ്ങളില്ല. പ്രായത്തിനും പ്രസക്തി ഇല്ല. അതുകൊണ്ട് തന്നെ, തീരെ ചെറിയ പ്രായത്തിലേ കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അതിന്, ആദ്യം ശരിയും തെറ്റും ഏതെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും സ്പർശനങ്ങളുടെ അർഥം പോലും അവർക്ക് മനസ്സിലാകാറില്ല. ശരിയായ സ്പർശനവും തെറ്റായ സ്പർശനവും എന്താണെന്ന് പറഞ്ഞുകൊടുക്കണം.

കുട്ടികൾക്കു നേരെയുള്ള അതിക്രമമെന്നാൽ ലൈംഗികാ തിക്രമം മാത്രമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. കുട്ടികള്‍ക്കുനേരെ ശാരീരികവും മാനസികവുമായ പല തരത്തിലുള്ള അതിക്രമങ്ങളുണ്ട്. ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ ഉള്ള ശല്യപ്പെടുത്തലുകൾ പോലും കുറ്റകരമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളും ബോധവാൻമാരാകണം. ശിക്ഷണവും ശാസനവും മാത്രമല്ല മാതാപിതാക്കളുടെ കടമയെന്ന് അവർ തിരിച്ചറിയണം."

വേണ്ടത് അവബോധം

സ്വരക്ഷയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് സ്കൂളുകളിൽ കുട്ടികളോട് സംവദിക്കാൻ അനുവിനെയും സംഘത്തെയും ക്ഷണിക്കാറുണ്ട്. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ, ട്രെയിനർമാർ, അധ്യാപകർ, മനഃശാസ്ത്രജ്ഞർ, അഡ്വക്കേറ്റ്, എന്നിങ്ങനെ എല്ലാവരും ടീമില്‍ ഉള്ളവരാണ്.

"നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ‘പോക്സോ’ പോലെ നിരവധി നിയമങ്ങളുണ്ട്. അതിനെക്കുറിച്ച് പലരും ബോധവാൻമാരല്ല. ക്ലാസ്സുകളുടെ ഭാഗമായി ഇത്തരം കാര്യങ്ങളെല്ലാം അവർക്ക് പറഞ്ഞുകൊടുക്കാറുണ്ട്. തങ്ങളെ സംരക്ഷിക്കാൻ നിയമം ഉണ്ടെന്ന തിരിച്ചറിവ് വലിയ ധൈര്യമാണ് അവർക്ക് കൊടുക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്ത് ചെയ്യണം, എങ്ങനെ നേരിടണം, ആരോട് പറയണം, എന്നിങ്ങനെയുള്ള കാര്യങ്ങളും കുട്ടികൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസ്സുകളാണ് നൽകുന്നത്."

ശാരീരികമായ അതിക്രമങ്ങളെ ചെറുത്തു തോൽപിക്കാനും പ്രതിരോധിക്കാനുമുള്ള പരിശീലനവും കുട്ടികള്‍ക്ക് നൽകുന്നുണ്ട്. ഇസ്രയേലിയൻ ആയോധനമുറയായ ‘ക്രൗമഗ’ പഠിച്ചിട്ടുള്ള അനു, വിദഗ്ധരുടെ സഹായത്തോടെയാണ് കുട്ടികൾക്ക് ട്രെയിനിങ് നൽകുന്നത്. വിവിധ പൊലീസ് ഡിപാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വർക്‌ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട് സ്വരക്ഷ. കൂടുതൽ ക രുതൽ വേണ്ടുന്ന കുട്ടികളുള്ള ഗ്രാമപ്രദേശങ്ങളിലേക്കു കൂടി ബോധവൽക്കരണ പരിപാടികൾ നടത്തുന്നു.

‘പുറത്തിറങ്ങുമ്പോൾ മാത്രമല്ല കുട്ടികൾക്ക് സുരക്ഷ നൽകേണ്ടത്. സ്വന്തം വീടിനകത്ത് അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംഭവിച്ചാൽ അത് മൂടി വയ്ക്കാനല്ല, തുറന്നു പറയാനാണ് മക്കളെ പഠിപ്പിക്കേണ്ടത്. തെറ്റ് എന്താണെന്ന് പറഞ്ഞു കൊടുത്താൽ മാത്രമേ തെറ്റിനോട് ‘നോ’ പറയാൻ അവർക്ക് സാധിക്കൂ. അതിന് അവരെ പ്രാപ്തരാക്കുകയാണ് ‘സ്വരക്ഷ’യുടെ ലക്ഷ്യം.

ഏഴ് അംഗങ്ങളുള്ള ചാരിറ്റബിൾ ട്രസ്റ്റാണ് ഇന്ന് ‘സ്വരക്ഷ’. അനുവിനൊപ്പം സുഹൃത്തുക്കളുടെ വലിയൊരു ടീമുണ്ട്. കൂടാതെ, പൂർണ പിന്തുണയുമായി ഐ.ടി പ്രഫഷനലായ ഭർത്താവ് സൂരജും മക്കളായ സിദ്ധാർഥും സ്വാതിയും.