തിയറ്ററിൽ പോയി സിനിമ കാണണം, വിമാനത്തിൽ കയറണം; കാഴ്ചയില്ലാത്തവരുടെ സ്വപ്നങ്ങൾക്ക് ചായം നൽകിയ കൈകൾ!

Nithin Joseph


'ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.' കോട്ടയം ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ റ്റീനയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പത്താം ക്ലാസ് വിദ്യാർഥിയായ ക്രിസ്‌റ്റോ സൂപ്പർതാരത്തെ നേരിട്ട് കാണുമ്പോൾ സമ്മാനിക്കാൻ താൻ വരച്ചൊരു ചിത്രവും കൈയിൽ കരുതിയിട്ടുണ്ട്. മറ്റുള്ളവരുടെ ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നില്ല. തിയറ്ററിൽ പോയി സിനിമ കാണണം, വിമാനത്തിൽ യാത്ര ചെയ്യണം എന്നിങ്ങനെ ചെറിയ ആഗ്രഹങ്ങളുടെ വലിയ ലിസ്റ്റ് റ്റീനയ്ക്കു മുന്നിൽ നിരന്നു.

ഓരോ ആഗ്രഹങ്ങളും യാഥാർഥ്യമാക്കാൻ റ്റീനയും ‘പീസ്’ ഫൗണ്ടേഷനിലെ മറ്റ് വോളണ്ടിയർമാരും കച്ച കെട്ടിയപ്പോൾ കേട്ടവരെല്ലാം വാക്കുകൾ കൊണ്ട് തളർത്താനാണ് നോക്കിയത്. കാഴ്ചയില്ലാത്ത കുട്ടികൾ എങ്ങനെ സിനിമ ആസ്വദിക്കും, കാഴ്ചയില്ലാത്തവർ വിമാനത്തിൽ യാത്ര ചെയ്തിട്ട് എന്ത് കാണാനാണ്, മോഹൻലാലിനെ എങ്ങനെ ആ കുട്ടി കാണും എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉയർന്നപ്പോഴും റ്റീനയുടേയോ സുഹൃത്തുക്കളുടേയോ നിശ്ചയദാർഢ്യത്തിനു വേലി കെട്ടാൻ ആർക്കും കഴി‍ഞ്ഞില്ല. സ്കൂളിലെ മുഴുവൻ കുട്ടികളെയും തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിച്ചു. അവരുടെ മുഖത്ത് വിരിഞ്ഞ ആനന്ദവും ആകാംക്ഷയും മാത്രമാണ് റ്റീനയും പ്രതീക്ഷിച്ചിരുന്നത്.

കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടി ഒളശ്ശയിലെ അന്ധവിദ്യാലയത്തിൽ എത്തുന്നത് യാദൃച്ഛികമായിട്ടാണ്. അവിടെ നിന്നാണ് റ്റീന ‘പീസ് മൂവ്മെന്റ്’ എന്ന കൂട്ടായ്മയിൽ അംഗമാകുന്നതും അന്ധവിദ്യാലയത്തിലെ കുട്ടികൾക്കായി പ്രവർത്തിക്കാൻ തുടങ്ങുന്നതും. കാഴ്ചശക്തിയില്ലാത്ത വിദ്യാർഥികളെ സ്പോൺസർ ചെയ്തു കൊണ്ടായിരുന്നു തുടക്കം. സ്കൂളിനും കുട്ടികൾക്കുമായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നേരിട്ടും സ്പോൺസർമാർ മുഖേനയും ചെയ്യുന്നു റ്റീനയും സംഘവും.

ആത്മവിശ്വാസത്തിന്റെ നിറം

ചുറ്റുമുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് നൽകാനാണ് ചിത്രങ്ങൾ വരയ്ക്കാൻ അവരെ പ്രോൽസാഹിപ്പിച്ചത്. നിറങ്ങളെ തിരിച്ചറിയാനോ അവയുടെ ഭംഗി ആസ്വദിക്കാനോ കഴിയാത്ത കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുകയെന്നത് പലർക്കും വിശ്വസിക്കാൻ സാധി ക്കുമായിരുന്നില്ല. എന്നാൽ കണ്ണിലെ ഇരുട്ടിനെ തോൽപിക്കാൻ തക്കവണ്ണം അത്മവിശ്വാസം പകർന്നുകൊണ്ട് റ്റീനയും സുഹൃത്തുക്കളും നിന്നപ്പോൾ അകക്കണ്ണിന്റെ വെളിച്ചത്തിൽ വി രിഞ്ഞത് നിറങ്ങളുടെ മായാജാലം.

കുട്ടികൾ വരച്ച ചിത്രങ്ങൾ മനോഹരമായ ഗ്രീറ്റിങ് കാർഡുകളാക്കി മാറ്റിയ റ്റീന അവയെല്ലാം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു. കാർഡുകൾക്കൊന്നും കൃത്യമായ വിലയിട്ടില്ല. ആവശ്യക്കാർക്ക് കാർഡുകൾ വാങ്ങാം, താൽപര്യമുള്ള വില നൽകാം. പത്തു രൂപ മുതൽ പതിനായിരം രൂപ വരെ നൽകി കാർഡുകൾ വാങ്ങിയവർ ഉണ്ട്. കുട്ടികളുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുക കണ്ടെത്തുന്ന തിനൊപ്പം അവരുടെ ഉള്ളിലെ ഭയം ഇല്ലാതാക്കി, സ്വന്തം കഴിവിൽ അവർക്ക് വിശ്വാസം ഉണ്ടാക്കുക കൂടിയായിരുന്നു റ്റീനയുടെ ലക്ഷ്യം.

"കുട്ടികൾ ഉണ്ടാക്കിയ കാർഡുകൾ വിറ്റുകിട്ടിയ പണം കൊണ്ട് എന്ത് ചെയ്യണമെന്ന ആലോചനകൾ നടക്കുമ്പോഴാണ് ലക്ഷ്മി എന്നൊരു കുട്ടിക്ക് സ്വന്തമായി വീടില്ല എന്ന് ഞങ്ങൾ അറിയുന്നത്. അങ്ങനെ ലക്ഷ്മിക്ക് നല്ലൊരു വീട് വച്ചു കൊടുക്കാൻ തീരുമാനിച്ചു. വെറുതെ നാല് ചുവരുകളും മേൽക്കൂരയും ചേർത്ത് പേരിനൊരു വീട് വയ്ക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ ഇഷ്ടത്തിനൊത്ത രീതിയിലാണ് വീട് പണിതത്. കൈയിലുള്ള പണത്തിനൊപ്പം പലരുടെയും നല്ല മനസ്സു കൂടി ചേർന്നപ്പോൾ വീട് പൂർണരൂപത്തിലായി. ഇത്തവണത്തെ ക്രിസ്മസിനും കുട്ടികൾ നിർമിച്ച കാർഡുകൾ വിൽപനയ്ക്ക് വച്ചു. അതിൽനിന്ന് കിട്ടിയ പണം എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ അവർ പറ‍ഞ്ഞത് കോട്ടയത്തെ നിർധനയായ ഒരു സ്ത്രീക്ക് വീടു വയ്ക്കാൻ സഹായിക്കണമെന്നാണ്."

തങ്ങളുടെ കൈയിലൊന്നും ഇല്ലാത്ത അവസ്ഥയിലും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്കമായ മനസ്സിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് റ്റീന പറയുന്നു. ആ മനസ്സാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന മികച്ച പ്രതിഫലമെന്ന് വിശ്വസിക്കുന്നു, റ്റീന. മാങ്ങാനം സ്വദേശി തോമസ് ജോർജിന്റേയും വീണാ തോമസിന്റേയും മകളായ റ്റീന തിരുവല്ല ചോയ്സ് സ്കൂളിലെ അധ്യാപികയാണ്..