എന്റെ വാക്ക് കേട്ടിട്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ മതി, തീർച്ചയായും അതെന്റെ വിജയമാണ്..'

Nithin Joseph


ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനുള്ള പരിഹാരവും നിങ്ങളുടെ കൈയിലുണ്ടാകണം. അല്ലാത്ത പക്ഷം, വെറുതെ പേരിനു വേണ്ടി സംസാരിക്കുന്നതിൽ അർഥമില്ല.’ പറയുന്നത് റേഡിയോ മാംഗോയിൽനിന്ന് ആർജെ നീന. കഴിഞ്ഞ പത്തു വർഷമായി കേരളം കേൾക്കുന്ന ശബ്ദത്തിന്റെ ഉടമ ഇപ്പോൾ ഫെയ്സ്ബുക്കിലും പോപ്പുലറാണ്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് നീനയുടെ ഫെയ്സ്ബുക് പേജിന്. പേജിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ കാണുന്നത് ലക്ഷങ്ങൾ. എന്തിനുമേതിനും വിഡിയോ ഉണ്ടാക്കി ഫെയ്സ്ബുക്കിലിടുകയല്ല നീനയുടെ രീതി. "ഞാൻ ഫെയ്സ്ബുക്കിൽ അധികം വിഡിയോകള്‍ പോസ്റ്റ് ചെയ്യാറില്ല. ഇതുവരെ നാലെണ്ണം മാത്രമേ ചെയ്തിട്ടുള്ളൂ. എനിക്ക് പരിഹാരം കണ്ടെത്താൻ കഴിയാത്ത വിഷയങ്ങളെക്കുറിച്ച് അനാവശ്യമായി പ്രസംഗിച്ച് പരിഹാസ്യയാകാൻ താൽപര്യമില്ല. കൺമുന്നിൽ കാണുന്നതിനെയെല്ലാം കണ്ണും പൂട്ടി വിമർശിക്കുന്നതും ശരിയാണെന്ന് തോന്നിയിട്ടില്ല. ജിഎസ്ടി നിലവിൽ വന്ന സമയത്താണ് ആദ്യത്തെ ഫെയ്സ്ബുക് വിഡിയോ ചെയ്തത്.

ആശുപത്രികളിൽ ഉയർന്ന ടാക്സ് ഈടാക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇൻഷുറൻസിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ആ വിഡിയോ. അത് പത്തു ലക്ഷത്തിലധികം പേർ കണ്ടു. പക്ഷേ, പലരും വിചാരിച്ചു, ഞാൻ ജിഎസ്ടിക്ക് എതിരാണെന്ന്. ചിലരെങ്കിലും തെറ്റിദ്ധാരണ മൂലം എന്നെ വിമർശിച്ചു. ഫെയ്സ്ബുക്കിലെ ചില വിഡിയോകളുടെ താഴെ വരുന്ന കമന്റുകൾ പരിശോധിച്ചാൽ ഞെട്ടിപ്പോകും. ചില ആളുകൾ വിമർശിക്കുന്നത് ചീത്തവിളി കൊണ്ടാണ്. നമ്മൾ പറയുന്ന കാര്യത്തിൽ കഴമ്പുണ്ടെങ്കിൽ അതിനെ ഭയക്കേണ്ടതില്ല." എറണാകുളം സ്വദേശിയായ ഹരി മേനോന്റേയും പ്രഭാവതിയുടേയും മകൾ നീന വാഹനാപകടത്തിൽപെട്ട് കിടപ്പിലായ അവസ്ഥയിലാണ് ആർജെ ആകുന്നത്. തുടക്കത്തിൽ റേഡിയോയ്ക്ക് ചേർന്ന ശബ്ദമില്ലെന്ന് പലരും വിധിയെഴുതിയപ്പോഴും വാശിയോടെ വിജയിച്ചു. പിന്നീട് രണ്ട് വർഷത്തിനു ശേഷം റേഡിയോ മാംഗോയിൽ. "ഞാൻ എംഎസ്‌സി വിഷ്വൽ കമ്മ്യൂണിക്കേഷൻ അമൃതയിൽ ചെയ്യുന്ന സമയത്താണ് ആദ്യത്തെ വാഹനാപകടം നടന്നത്. കേരളത്തിലെ ആദ്യത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. തിരക്കഥാ രചനയും മറ്റുമായി സിനിമാമോഹം കൊണ്ടുനടക്കുന്ന സമയം. അപ്പോഴാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ 'സ്‌മാർട് സിറ്റി' എന്ന സിനിമയിൽ അസിസ്റ്റ് ചെയ്യാനുള്ള അവസരം എന്നെ തേടിയെത്തുന്നത്. അങ്ങനെ എക്‌സൈറ്റഡ് ആയി നിൽക്കുന്ന സമയത്താണ് ആ അപകടം ഉണ്ടാവുന്നത്.

ഞാൻ എംജി റോഡിൽ സിഗ്നലിൽ നിൽക്കുമ്പോൾ ഒരു കാർ എന്റെ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അന്ന് ഹെൽമറ്റൊന്നും നിർബന്ധമല്ലായിരുന്നു. എന്റെ തല റോഡിലിടിച്ചാണ് വീണത്. മുട്ടിൽ നല്ല പരുക്കുണ്ടായിരുന്നു. അങ്ങനെ മാസങ്ങളോളം അനങ്ങാതെ കിടന്നു. ആയിടയ്ക്കാണ് റേഡിയോ ആദ്യമായി കേരളത്തിൽ വരുന്നു എന്ന വാർത്തയറിഞ്ഞത്. വലിയ ആവേശത്തോടു കൂടിയാണ് ആ വാർത്ത ഏറ്റെടുത്തത്. അന്നാണ് ഒരു ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. ഞാൻ അച്ഛനോട് എന്നെ കൊണ്ടുപോകുമോ എന്ന് ചോദിച്ചപ്പോൾ ആരോഗ്യം ശരിയായിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോൾ ഞാനങ്ങു പുറത്തോട്ടിറങ്ങി ഒരു ഓട്ടോ വിളിച്ചിട്ടു തനിയെ പോകുകയായിരുന്നു. വടിയെല്ലാം കുത്തി ഞൊണ്ടി ഞൊണ്ടിയാണ് ഞാൻ ഇന്റർവ്യൂവിനു പോയത്. വോക് ഇൻ ഇന്റർവ്യൂ ആയിരുന്നു. ഞാനടക്കം കുറേപ്പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. അങ്ങനെ മറ്റു പരീക്ഷകളെല്ലാം വിജയിച്ച് ഞാൻ ഓൺ എയറിൽ വന്നു. എന്നാൽ ട്രെയിനിങ് സമയത്താണ് എന്റെ ട്രെയിനർ ആ സത്യം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം റേഡിയോ ജോക്കിയാകാൻ ചേർന്നതല്ല, 12 വയസ്സുള്ള ആൺകുട്ടികളുടേത് പോലെയാണ് എന്നായിരുന്നു പറഞ്ഞത്. കേരളത്തിലെ ജനങ്ങൾക്ക് കിളിനാദം പോലുള്ള ശബ്ദമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സമയമുണ്ട് തിരിച്ചുപോയ്‌ക്കോളൂ എന്ന് പറഞ്ഞു. ഞാൻ ഉറപ്പിച്ചു പറഞ്ഞു, 'തിരിച്ചുപോകാനല്ല വന്നത്, എനിക്ക് റേഡിയോ ജോക്കിയാകണം.' അത്രയും കാലം വീട്ടിൽ തളച്ചിട്ട പോലെയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഈ ജോലി ഒരു രക്ഷപ്പെടലായിരുന്നു. പിന്നീടും കുറെ നിരുത്സാഹപ്പെടുത്തലുകൾ നേരിടേണ്ടി വന്നു. എല്ലാം തരണം ചെയ്താണ് ഇന്ന് ഇതുവരെയെങ്കിലും എത്തിയത്. കേരളത്തിലെ ആദ്യത്തെ റേഡിയോ ജോക്കിമാരിൽ ഒരാളാണ് ഞാൻ. അത് വളരെയധികം ആത്മവിശ്വാസം നൽകുന്നുണ്ട്." കേരളത്തിലെ ആദ്യമായി റേഡിയോയിലൂടെ ഒരു ട്രാൻസ്ജെൻഡറെ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും നീനയ്ക്കാണ്. പ്രശസ്തയാകണമെന്ന ആഗ്രഹം കൊണ്ടല്ല സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. "നാട്ടിൽ എന്ത് സംഭവം നടന്നാലും ഉടനെ ഒരു ഉശിരൻ പ്രസംഗം പറഞ്ഞിട്ട് അത് സോഷ്യൽ മീഡിയയിൽ ഇടുന്നതാണ് ഇപ്പോൾ ട്രെൻഡ്. കുറേ ചോദ്യങ്ങളും ആക്രോശങ്ങളും മാത്രമുള്ള ഇത്തരം പ്രതികരണം കൊണ്ട് ആർക്കും പ്രയോജ നമില്ല. പകരം, ആ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തി, അതാണ് മറ്റുള്ളവരോട് പങ്കു വയ്ക്കേണ്ടത്."

സ്വാതന്ത്ര്യവും സ്വകാര്യതയും

നീനയുടെ രണ്ടാമത്തെ വിഡിയോ ബോഡി ഷെയിമിങ്ങിനെക്കുറിച്ചായിരുന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ആളുകളെ കളിയാക്കുന്നതിനെ വിമർശിച്ച വിഡിയോ ഫെയ്സ്ബുക്കിൽ കണ്ടത് ലക്ഷങ്ങള്‍. വിഡിയോ കണ്ടിട്ട് വിദേശി കള്‍ പോലും നീനയെ വിളിച്ച് അഭിനന്ദിച്ചു.

"നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ആളുകളെ കളിയാക്കാൻ നമ്മളാരാണ്? മനോഭാവത്തിന്റെ പ്രശ്നമാണിത്. നിസാരമെന്ന് കരുതി നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ആഘാതത്തെപ്പറ്റി ആരും ആലോചിക്കാറില്ല.’ തല മൊട്ടയടിച്ച രൂപത്തിലായിരുന്നു ഈ വിഡിയോ ചെയ്തത്. അതിനു പിന്നിലും നീനയ്ക്ക് വ്യക്തമായ കാരണമുണ്ട്. ‘തല മൊട്ടയടിച്ച സ്ത്രീയെ കാണുമ്പോള്‍ പലരും തുറിച്ചു നോക്കാറുണ്ട്, മറ്റ് ചിലർ കളിയാക്കി ചിരിക്കും. തലമുടി വ ളർത്തുന്നതും വെട്ടുന്നതുമെല്ലാം ഒരാളുടെ സ്വാതന്ത്ര്യമാണ്. അതിൽ കൈ കടത്താൻ മറ്റുള്ളവർക്ക് അവകാശമില്ല." സോഷ്യൽ മീഡിയയിൽ സ്വകാര്യത സൂക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു മൂന്നാമത്തെ വിഡിയോ. സ്വകാര്യത സൂക്ഷിക്കേണ്ടത് വേറെ ആരുടേയും ഉത്തരവാദിത്വമല്ല. അബദ്ധങ്ങളിൽ ചെന്നു ചാടിയതിനു ശേഷം എന്ത് ചെയ്തിട്ടും കാര്യമില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുന്നു നീന. ഈ വിഡിയോ കണ്ടത് ഇരുപത് ലക്ഷത്തിലധികം പേർ. പലർക്കും ഇതേ അബദ്ധം സംഭവിച്ചിട്ടുണ്ട്. എന്നാലത് മറ്റാരോടും തുറന്നു പറയാനോ, പരിഹാരം കണ്ടെത്താനോ എളുപ്പമല്ല.

ഒഴിവു സമയം കിട്ടുമ്പോഴെല്ലാം വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ചെലവഴിക്കുന്ന നീന അത്തരം പ്രവർത്തികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇടുന്നതിനും കാരണമുണ്ട്. "മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടിയല്ല, ഇതൊന്നും ചെയ്യുന്നത്. ഈ ഫോട്ടോകൾ കാണുന്ന ഓരോരുത്തർക്കും തോന്നണം, ആരോരുമില്ലാത്തവർക്കു വേണ്ടി അൽപസമയം മാറ്റിവയ്ക്കാൻ. ചിലപ്പോഴെങ്കിലും ആളുകള്‍ നമ്മളെ വിമർശിക്കാം. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാനും സാധിക്കില്ല. എന്റെ വാക്ക് കേട്ടിട്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ മതി, തീർച്ചയായും അതെന്റെ വിജയമാണ്."